അന്യായ തടങ്കലില്‍ കഴിയുന്ന മകനെക്കുറിച്ച് അമ്മ എഴുതുന്നത്…….

അനസൂയ സെന്‍

എണ്‍പത് പിന്നിട്ട ഒരു കിഴവിയാണു ഞാന്‍. ഞങ്ങളൊക്കെ ചെറുപ്പമായിരിക്കുമ്പോള്‍ ദേശസ്നേഹികളായ കര്‍മയോഗികളെക്കുറിച്ച് കേട്ട് ആവേശഭരിതരായിരുന്നു. അവരുടെ നിസ്വാര്‍ഥമായ ചെയ്തികള്‍ പിന്‍പറ്റാനായാല്‍ എന്ന് മോഹിച്ചുപോയിരുന്നു.

എങ്കിലും അക്കാലത്ത് എന്നെ വ്യക്തിപരമായി ബാധിക്കാത്തവയാകയാല്‍ നമ്മുടെ നാട്ടില്‍ നടമാടുന്ന അനീതികള്‍ക്ക് മുന്നില്‍ ഞാന്‍ വെറുമൊരു നിശബ്ദയായ കാഴ്ചക്കാരിമാത്രമായിരുന്നു. പക്ഷെ ഇന്ന് ആ നിശബ്ദത ഭേദിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. അത്യന്തം മനോവിഷമത്തോടെ…..

നിങ്ങളറിയും പോലെ എന്റെ മകന്‍ ഡോ. ബിനായക് സെന്‍ കൊടിയ അനീതിയുടെ ഇരയായി ജയിലിലടക്കപ്പെട്ടിരിക്കുകയാണ്.

വെറും നാലു വയസുള്ള കുഞ്ഞായിരിക്കെ വീട്ടിലെ അനീതിയെ ചോദ്യം ചെയ്തവനാണവന്‍.
നമ്മുടെ വീട്ടില്‍ സഹായിക്കുന്ന പയ്യന് എന്തേ എല്ലാവര്‍ക്കുമൊപ്പം ഭക്ഷണം നല്‍കാത്തത്? അവനു മാത്രന്തെേ അടുക്കളത്തിണ്ണയില്‍ ചോറ് ^എന്നു ചോദിച്ചവന്‍.

22-ാം വയസില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വൈദ്യശാസ്ത്ര ബിരുദമെടുത്തയുടന്‍ ഇംഗ്ലണ്ടില്‍ എം.സി.ആര്‍.പിക്ക് പോകാന്‍ പറഞ്ഞ അച്ഛന്റെ വാക്കുകള്‍ തട്ടിക്കളഞ്ഞത് നമ്മുടെ രാജ്യത്ത് വൈദ്യസേവനം ചെയ്യാനുള്ള വിജ്ഞാനം മുഴുവന്‍ നമ്മുടെ നാട്ടില്‍ നിന്നു തന്നെ ആര്‍ജിക്കണം എന്ന ന്യായം പറഞ്ഞാണ്. ശിശു ചികില്‍സയില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ജെ.എന്‍.യു വില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നത് പൊതുജനാരോഗ്യത്തില്‍ പി.എച്ച് ഡി എടുക്കണമെന്ന് മോഹിച്ചാണ്. പക്ഷെ ഏറെക്കാലം അതവന്‍ തുടര്‍ന്നില്ല. മോഹം മാറ്റി വെച്ച് ജോലി രാജിവെച്ച് അവന്‍ പോന്നു. ഹോഷംഗാബാദിലെ (മധ്യപ്രദേശ്) ക്ഷയരോഗാശുപത്രിയിലാണ് തന്റെ സേവനം കൂടുതല്‍ ആവശ്യമെന്ന് തോന്നിയത് കൊണ്ടായിരുന്നു അത്. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഛത്തീസ്ഗഡിലെ ഖനി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അവന് അവസരം ലഭിച്ചു. പ്രമുഖ സ്വതന്ത്ര ട്രേഡ് യൂനിയനിസ്റ്റായ ശങ്കര്‍ ഗുഹാ നിയോഗിയുമായി ചേരുന്നതും അക്കാലത്താണ്. ഭിലായിയിലെ ഉരുക്ക് ഫാക്ടറികളിലും ദല്ലി രാജ്ഹാരയിലെയും നന്ദിനിയിലെയും ഖനികളിലും എല്ലുമുറിയെ വേലചെയ്തിരുന്ന കുലിപ്പണിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും കഷ്ടതകള്‍ക്കറുതി വരുത്താന്‍ സ്വയം സമര്‍പ്പിച്ച വ്യക്തിയായിരുന്നു നിയോഗി. പാവങ്ങളുടെ ജീവിതപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാനും സാമൂഹിക വിപത്തുകള്‍ക്കെതിരെ സംഘടിപ്പിക്കാനും അവര്‍ യത്നിച്ചു. നിയോഗിയുടെ ഛത്തീസ്ഗഡ് മൈന്‍സ് ശ്രമിക് സംഘുമായി സഹകരിക്കവെ ബിനായക് അവിടെയൊരു ആരോഗ്യകേന്ദ്രം തുടങ്ങി. മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലാളികളാല്‍ നടത്തപ്പെട്ട സ്ഥാപനമായിരുന്നു അത്. ആരോഗ്യകേന്ദ്രം കുറഞ്ഞ നാളിനുള്ളില്‍ 25 ബെഡുകളും കിടത്തിച്ചികില്‍സയുമുള്ള ആശുപത്രിയായി മാറി. അതിന്റെ നടത്തിപ്പ് പൂര്‍ണമായും തൊഴിലാളികളെ ഏല്‍പ്പിച്ച് അവന്‍ പിന്‍മാറി. ആ സേവന മാതൃകയില്‍ പ്രചോദിതരായ ഒരു പറ്റം യുവ ഡോക്ടര്‍മാര്‍ അവിടെ ശ്രുശ്രൂഷകരായെത്തിയിരുന്നു. അതിനു ശേഷമാണ് അവന്‍ ഭാര്യ ഡോ. ഇലീന സെന്നിനൊപ്പം റായ്പൂരില്‍ രൂപാന്തര്‍ എന്ന സന്നദ്ധ സംഘടന ആരംഭിക്കുന്നത്.

സാമൂഹിക ആരോഗ്യ പദ്ധതികള്‍, പ്രകൃതിക്കിണങ്ങുന്ന കൃഷി രീതികള്‍, സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കല്‍, കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഔപചാരിക^അനൌപചാരിക വിദ്യാഭാസം നല്‍കല്‍ എന്നിവയെല്ലാമായിരുന്നു പരിപാടികള്‍.എല്ലാം വളരെ നല്ല രീതിയില്‍ മുന്നോട്ടു പോയി . ഭട്ടഗാവില്‍ പ്രവര്‍ത്തിച്ചിരുന്ന നെല്ലുഗവേഷണ കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞന്‍ ബിനായകിനെ രേഖപ്പെടുത്തുന്നത് ‘കര്‍ഷകനായ ഡോ. ബിനായക് സെന്‍’ എന്നാണ്. ബിനായക് ധമാത്രിയിലും ബസ്തറിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നു. ഗ്രാമീണരെ ആരോഗ്യ പ്രവര്‍ത്തകരാക്കി വളര്‍ത്തി. ആശുപത്രി നടത്തിപ്പിലടക്കം പരിശീലനം നല്‍കി.ഒരു പാട് ഗ്രാമങ്ങളില്‍ വിദ്യാകേന്ദ്രങ്ങളും തുറന്നു.

അവന്റെ ജീവിതം ഒട്ടനേകം പേര്‍ക്ക് പ്രചോദനമായെന്ന് പറയാതെ വയ്യ. അതല്ലേ മികച്ച ശമ്പളവും പെരുമയും ലഭിക്കുന്ന ജോലികള്‍ വേണ്ടെന്ന് വെച്ച് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നടക്കം ഡോക്ടര്‍മാരെത്തി ബിലാസ്പൂരിലും മറ്റിടങ്ങളിലും ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങള്‍ തുറന്നത്.

റായിപൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് എന്റെ മോന്‍ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ റിബര്‍ട്ടീസി (പി.യു.സി.എല്‍) ല്‍ ചേരുന്നത് . ആ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഛത്തീസ്ഗഡ് ഘടകത്തിന്റെ സെക്രട്ടറിയുമായി.

അടിച്ചമര്‍ത്തപ്പെട്ടവരും ദരിദ്രരുമായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണകൂടം പാവപ്പെട്ട ആദിവാസി സമൂഹങ്ങള്‍ക്കെതിരെ ചെയ്യുന്ന നീചമായ അനീതികളെപ്പറ്റി അവന് വിവരം ലഭിക്കുന്നുണ്ടായിരുന്നു. ബസ്തറിലെ ആദിവാസികളെ തമ്മിലടിച്ച് കൊല്ലിപ്പിക്കാന്‍ ഭരണകൂടം ആസൂത്രണം ചെയ്ത സല്‍വാ ജുഡൂമിനെതിരെ അവന്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പാവങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിഷേധമല്ലേ, ആരും ഗൌനിച്ചില്ല.
റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഒരു വൃദ്ധനായ തടവുപുള്ളിയെ ചികില്‍സിക്കണമെന്ന് അദ്ദേഹത്തിന്റെ അനിയന്‍ അഭ്യര്‍ഥിച്ചതിന്‍ പ്രകാരമാണ് അവന്‍ കഴിഞ്ഞ വര്‍ഷം ജയിലില്‍ പോയത്. അധികൃതരുടെ അനുമതിയോടെയായിരുന്നു അനുമതിയും ചികില്‍സയുമെല്ലാം. പക്ഷെ അതൊരു കാരണമാക്കി സര്‍ക്കാര്‍ അവനെ കുടുക്കി. അവന്‍ ചികില്‍സിച്ച വൃദ്ധനായ തടവുപുള്ളി ഒരു നക്സലൈറ്റ് ആയിരുവെന്നത് കാരണമാക്കി ദേശസുരക്ഷാ നിയമങ്ങളുടെ പേരില്‍ 2007 മേയ് 14ന് അറസ്റ്റ് ചെയ്തു. പോള്‍ ഹാരിസണ്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘ജീവിതം പൂര്‍ണമായും സാധുസേവനത്തിനായി സമര്‍പ്പിച്ച ദേശാഭിമാനി എന്ന്’ എന്ന് വാഴ്ത്തപ്പെട്ട ഒരുവനെയാണ് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന ഭീകരവാദി എന്ന മുദ്ര ചാര്‍ത്തി ജയിലിലിട്ടത്.

ഛത്തീസ്ഗഡ് ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ അവന്റെ ഭാര്യ ഡോ. ഇലീന സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുത്തു. ഒരു മുതിര്‍ന്ന ജഡ്ജിയും ഒരു ജൂനിയറുമുള്‍ക്കൊള്ളുന്ന ബെഞ്ചായിരുന്നു വാദം കേള്‍ക്കേണ്ടിയിരുന്നത്. ആദ്യം നിശ്ചയിച്ച ജൂനിയര്‍ ജഡ്ജിയെ മാറ്റി മറ്റൊരാള്‍ വന്നു.

ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കേണ്ടതിന് രണ്ട് ദിവസം മുന്‍പ് നേരത്തേ സൂചിപ്പിച്ച മുതിര്‍ന്ന ന്യായാധിപനെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ റായ്പൂരിലേക്ക് അതിഥിയായി കൊണ്ടുവന്നു. ലീഗല്‍ എയ്ഡ് സെല്‍ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ ആതിഥ്യം സ്വീകരിച്ച് മടങ്ങിയതിന്റെ പിറ്റേനാള്‍
(പോയ വര്‍ഷം ഡിസംബര്‍ പത്തിന് -മനുഷ്യാവകാശ ദിനത്തില്‍!!!) അപ്പീല്‍ വാദം കേള്‍ക്കാനെടുത്ത് 35 മിനിറ്റിനകം ജാമ്യം നിഷേധിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

ഇനി ഒരാളുടെയും സത്യസന്ധതയെ സംശയിക്കാതെ ഈ സ്വതന്ത്ര ജനാധിപത്യ ഭാരതനാട്ടിലെ ജനങ്ങളോടും നേതാക്കളോടും ഞാന്‍ തികഞ്ഞ വിനയത്തോടെ ചോദിക്കട്ടെ?

കുഞ്ഞുനാള്‍ മുതല്‍ അനീതിയെ എതിര്‍ത്തുപോന്ന, ജീവിതം മുഴുവന്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച, നാടിനും നാട്ടാര്‍ക്കുമായി തന്നെത്തന്നെ സമര്‍പ്പിച്ച ,സമ്പത്തും പദവികളും വേണ്ടെന്ന് വെച്ച് പരിപ്പ് കറിയും പച്ചമുളകും കൂട്ടി പാവങ്ങള്‍ക്കൊപ്പം പാവങ്ങളെപ്പോലെ ജീവിക്കുന്ന ഒരുവനെ കലാപകാരിയെന്ന് മുദ്രകുത്തുന്നതും ജാമ്യം നിഷേധിക്കുന്നതും നീതിയാണെന്ന് ഞാന്‍ വിശ്വസിക്കണോ?

കര്‍മയോഗിയെപ്പോലെ ജീവിച്ച സേവനം ജീവിതവൃതമാക്കിയ എന്റെ മോന് തടവറയില്‍ കഴിയേണ്ടി വരുമായിരുന്നോ?
ഇതാണ് നീതിപീഠമെങ്കില്‍ അനീതിക്കെതിരെ എനിക്ക് എവിടെ നിന്ന് സമാധാനം ലഭിക്കും?
ഈ കുറിപ്പ് വായിച്ച പ്രിയം നിറഞ്ഞവരെ, ഡോ. ബിനായക് സെന്നിന് (എന്റെ പൊന്നുമോന്‍) നീതി ലഭിക്കുന്ന നാള്‍ വന്നണയാന്‍ എത്രകാലം കാത്തിരിക്കേണ്ടി വരും?

ഞാന്‍ ഈ ചോദ്യം ചോദിക്കുന്നത് എനിക്കും എന്റെ മകനും വേണ്ടി മാത്രമല്ല, മക്കള്‍ നേരിടേണ്ടി വന്ന നീതി നിഷേധത്തെ കുറിച്ചോര്‍ത്ത് നീറുന്ന ഓരോ അമ്മമാരുടെയും പേരിലാണ്
നമ്മുടെ ഈ സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന് നീതി ഇത്രയേറെ അപരിചിതമാണോ?

Advertisements  ഒരു മറുപടി കൊടുക്കുക

  Fill in your details below or click an icon to log in:

  WordPress.com Logo

  You are commenting using your WordPress.com account. Log Out / മാറ്റുക )

  Twitter picture

  You are commenting using your Twitter account. Log Out / മാറ്റുക )

  Facebook photo

  You are commenting using your Facebook account. Log Out / മാറ്റുക )

  Google+ photo

  You are commenting using your Google+ account. Log Out / മാറ്റുക )%d bloggers like this: